കിഴക്കന്‍ കുന്നിറങ്ങി വരുന്ന കാറ്റിന്‍റെ മര്‍മ്മരവും, പടിഞ്ഞാറ് അറബിക്കടലിന്‍റെ താരാട്ടും തെക്കുവടക്കു പുഴകളുടെ കളകളാരവും കേട്ട് കിടക്കുന്ന താനൂര്‍ ഗ്രാമപഞ്ചായത്ത് 1950 ല്‍ ഒരു സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നിലവില്‍ വന്നു. പിന്നീട് താനൂര്‍ നഗരം പഞ്ചായത്ത്, താനൂര്‍ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളായി വിഭജിച്ചെങ്കിലും വീണ്ടും 1964 ല്‍ ഇവ സംയോജിപ്പിച്ച് താനൂര്‍ പഞ്ചായത്ത് രൂപം കൊണ്ടു. 2015 നവംബര്‍ 1 മുതല്‍ താനൂര്‍ നഗരസഭയായി ഉയര്‍ന്നു.
താന്നി മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന പ്രദേശമായിരുന്നത് കൊണ്ടാവാം താന്നി മരമുള്ള ഊര് എന്ന അര്‍ത്ഥത്തില്‍ താന്നിയൂരും, താന്നിയൂര്‍ ലോപിച്ച് താനൂരും ആയത് എന്ന് പേരിനെകുറിച്ച് ഒരഭിപ്രായമുണ്ട്. പുഴകളും മരങ്ങളും കൊണ്ട് സമൃദ്ധമായ താനൂരിന്‍റെ തെക്കേ അതിര്‍ത്തിയിലെ പാലക്കുറ്റ്യാഴി അഴിമുഖവുമായി ചേര്‍ന്ന് കിടന്നിരുന്ന വീതിയോറിയ ഒരു പുഴയായിരുന്നു.(കാലക്രമേണ ആഴി തൂര്‍ന്ന് ചിറകളായും ചിറകള്‍ നികന്ന് പാടങ്ങളായും മാറി.) പുഴകളില്‍ നീര്‍ച്ചുഴികള്‍ വളരെയധികവുമായിരുന്നു. നീര്‍ച്ചുഴികള്‍ക്ക് സംസ്കൃതത്തില്‍ താനൂരം എന്നാണ് പറയുക. താനൂരത്തില്‍ നിന്നാകാം താനൂര്‍ എന്ന പേര് ഉണ്ടായത്. ഇത് പേരിനെ സംബന്ധിച്ച മറ്റൊരു വാദമാണ്.
രാജഭരണകാലത്ത്, താനൂര്‍ ഭരിച്ചിരുന്ന രാജാവിന്‍റെ ആസ്ഥാനം, ഇന്ന് രായിരമംഗലം എന്നറിയപ്പെടുന്ന അന്നത്തെ രാജരാജ മംഗലം ആയിരുന്നുവെന്നും, രാജ കുടുംബത്തിന് മോര് എത്തിച്ചു കൊണ്ടിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും അറിയപ്പെടുന്നു.
താനൂര്‍ തീരത്ത് ഫ്രഞ്ചുകാര്‍ക്ക് കോളനി ഉണ്ടായിരുന്നതായി രേഖകളുണ്ട്. ഫ്രഞ്ച് ചാപ്പ എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം 5 ഏക്കറോളം വരുന്ന വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ നിന്ന് വന്‍തോതില്‍ നാളികേര കയറ്റുമതി നടന്നിരുന്നു. സ്വാതന്ത്ര്യാനന്തരവും കുറേ കാലം ഈ സ്ഥലം ഫ്രഞ്ച് അധീന പ്രദേശമായിരുന്നു. പീന്നീടിത് കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. താനൂരില്‍ പോര്‍ച്ചുഗീസുകാര്‍ക്കും കോളനി ഉണ്ടായിരുന്നു. ലൂസിയാദ് എന്ന പോര്‍ച്ചുഗീസ് നോവലില്‍ താനൂരിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
സമ്പന്നമായ ഗതാഗത ചരിത്രമുള്ള താനൂരില്‍ ബേപ്പൂര്‍ പുഴയുടെ തെക്ക് നിന്ന് താനൂര്‍, പൊന്നാനി, വെളിയങ്കോട് എന്നീ സ്ഥലങ്ങള്‍ വഴി കൊടുങ്ങല്ലൂരില്‍ അവസാനിക്കുന്ന ഒരു റോഡും, താനൂരില്‍ നിന്ന് തുടങ്ങി പുതിയങ്ങാടി, തിരുനാവായ, ഓമല്ലൂര്‍, തൃത്താല, കവിളപ്പാറ, ലക്കിടി കോട്ട വഴി പാലക്കാട്ടേക്കും അവിടെ നിന്ന് കോയമ്പത്തൂര്‍ക്കും ചിറ്റൂര്‍-തത്തമംഗലം വഴി കൊല്ലങ്കോട്ടേക്ക് പോകുന്ന റോഡും മേല്‍ പറഞ്ഞ ഗതാഗത ചരിത്രത്തിന് സാക്ഷ്യമാണ്. ടിപ്പു സുല്‍ത്താന്‍റ പടയോട്ടക്കാലത്ത് നിര്‍മ്മിച്ച ഒരു തീരദേശ റോഡ് ഇന്നും ടിപ്പു സുല്‍ത്താന്‍ റോഡ് എന്നറിയപ്പെടുന്നു.
മദ്രാസ് ഗവണ്‍മെന്‍റിന് കീഴിലെ പ്രമുഖ ഫിഷറീസ് കേന്ദമായിരുന്ന താനൂരില്‍ നിന്ന് സിങ്കപ്പൂര്‍, മലേഷ്യ, കൊളമ്പോ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് മത്സ്യം കയറ്റുമതി നടത്തിയിരുന്നു. വ്യാപാര രംഗത്തെ മറ്റൊരു കേന്ദ്രമായിരുന്നു ചന്തപ്പറമ്പ്. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലത്ത് എല്ലാ ചൊവ്വാഴ്ചകളിലും വിപുലമായ രീതിയില്‍ ചന്ത നടന്നിരുന്നു. പോത്തു വണ്ടികളില്‍ സാധനങ്ങള്‍ കൊണ്ടു വന്ന് വിറ്റിരുന്ന ചന്തയില്‍ മൃഗങ്ങള്‍ ഒഴികെ മറ്റെല്ലാ വസ്തുക്കളും ലഭ്യമായിരുന്നു.
1921 ലെ ഖിലാഫത്ത് സമരക്കാലത്ത് കേരളത്തിലാദ്യമായി ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ സ്വതന്ത്ര സമാന്തര ഗവണ്‍മെന്‍റ് രൂപീകരിച്ച് കുറച്ചു കാലം താനൂരില്‍ പ്രവര്‍ത്തിച്ചിരുന്നു.
1923 ല്‍ ഈ പ്രദേശത്ത് പകര്‍ച്ച വ്യാധിയായ കോളറ പിടിപെടുകയും ഇവിടം ദുരിത പൂര്‍ണ്ണമാവുകയും ചെയ്തു. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിലുള്ള സര്‍വെന്‍റ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ ഭാഗമായ ദേവധാര്‍ മലബാര്‍ പുനരുദ്ധാരണ സംഘം താനൂര്‍ സന്ദര്‍ശിച്ച് അസ്വസ്ഥതകള്‍ക്ക് കാരണം വിദ്യാഭ്യാസത്തിന്‍റെ അഭാവമാണെന്ന് കണ്ടെത്തുകയും, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കൊണ്ടു വന്ന 35000/- രൂപയില്‍ നിന്ന് സ്ഥലം വാങ്ങി കേരളാധീശ്വരപുരം എന്ന അംശത്തില്‍ സ്കൂള്‍ നിര്‍മിച്ചു. ഹയര്‍ എലമെന്‍ററി സ്കൂള്‍ എന്നായിരുന്നു അതിന്‍റെ പേര്. ഇതിനു മുമ്പെ ഹിന്ദു ബോര്‍ഡ് സ്കൂള്‍ എന്ന പേരില്‍ ലോവര്‍ എലമെന്‍ററി സ്കൂളായി ശോഭ പറമ്പിലും, ബോര്‍ഡ് കമ്പല്‍സറി ഹിന്ദു എലമെന്‍ററി സ്കൂളായി കാട്ടിലങ്ങായിയിലും സ്കൂളുകള്‍ ഉണ്ടായിരുന്നു.
ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ കോളറ 1942 ല്‍ വീണ്ടും ഈ പ്രദേശമാകെ പടര്‍ന്നപ്പോള്‍ രോഗ നിവാരണവും ആരോഗ്യ പരിപാലന പരിപാടികളും ഊര്‍ജ്ജിതമായി നടക്കുകയുണ്ടായി. സാമൂഹ്യ രംഗത്ത് പൊതുവെ അയിത്തം നില നിന്നിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തോട് കൂടി അയിത്താചരണത്തിന് കുറവുണ്ടായി. ജന്മി കുടിയാന്‍ വ്യവസ്ഥ വളരെ കാലം ഈ സ്ഥലങ്ങളില്‍ നില നിന്നിരുന്നു.
1861 ല്‍ തിരൂരില്‍ നിന്നും ബേപ്പൂരിലേക്ക് ആരംഭിച്ച റെയില്‍വേ താനൂരിന്‍റെ ഗതാഗത രംഗത്ത് മുഖ്യ പങ്ക് വഹിക്കുകയുണ്ടായി. 1895 ല്‍ നിലവില്‍ വന്ന തപാലാപ്പീസ് ആദ്യം സബ് ഓഫീസായും പിന്നീട് കൊച്ചിന്‍ സബ് ഓഫീസ് ബ്രാഞ്ചായും വീണ്ടും സബ് ഓഫീസായി നീക്കുകയും ചെയ്തു. 1980 ല്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം വാര്‍ത്താ വിനിമയ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്നു.
താനൂര്‍ പഞ്ചായത്തില്‍, 1985 ല്‍ താനൂര്‍ വില്ലേജ് വിഭജിച്ച്, പരിയാപുരം, താനൂര്‍ എന്നീ വില്ലേജുകള്‍ രൂപം കൊണ്ടു. ഖാദി പ്രചരണ കാലത്ത് കാട്ടിലങ്ങാടിയില്‍ ഒരു സഹകരണ സംഘം രൂപീകരിക്കുകയും ഉത്തരേന്ത്യയില്‍ നിന്ന് ഖാദി നൂല്‍ കൊണ്ട് വന്ന് നെയ്യുകയും ചെയ്തിരുന്നു.
വെറും 9 പുസ്തകങ്ങളുമായി ആരംഭിച്ച താനൂര്‍ സഞ്ചാര ഗ്രന്ഥാലയം താനൂരിന്‍റെ സാംസ്കാരിക രംഗത്ത് വിലയേറിയ സംഭാവനയാണ് നല്‍കിയത്. ഇവിടെ കേരളത്തിന്‍റെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി.ടി ഭട്ടതിരിപ്പാട് മുതല്‍ എം.ടി വാസുദേവന്‍ നായര്‍ വരെയുള്ളവര്‍ വരുകയും സന്ദര്‍ശന റിപ്പോര്‍ട്ടില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഖാദി പ്രവര്‍ത്തകനായിരുന്ന താനൂര്‍ പി.പരമേശ്വരന്‍ മാസ്റ്ററാണ് ഈ മഹാ പ്രസ്ഥാനത്തിന്‍റെ പ്രോത്ഘാടകനും സാരഥിയും. ഗ്രന്ഥ ശാല പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ പി.എന്‍ പണിക്കര്‍ പുരസ്കാരം നേടിയ വ്യക്തി കൂടിയാണദ്ദേഹം.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം മതപഠന കേന്ദ്രങ്ങളിലൊന്നായ ഇസ്ലാഹുല്‍ ഉലൂം അറബി കോളേജ് താനൂരിലാണ് സ്ഥാപിതമായത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ ഗ്രന്ഥം (റഊഇ) ലോക പ്രശസ്തമാണ്. ഇത് കൂടാതെ ലോകത്തില്‍ ഇത്തരമൊരു ഗ്രന്ഥമുള്ളത് ഈജിപ്തിലാണ്. ആദിശങ്കരശിഷ്യന്‍ സ്ഥാപിച്ച് തൃക്കൈക്കാട്ട് മഠവും പെരുന്തച്ചന്‍ പണിതതെന്ന് പറയപ്പെടുന്ന തൃക്കൈക്കാട്ട് ശിവക്ഷേത്രവും (തൃക്കൈക്കാട്ടിയ എന്ന് ശരിയായ രൂപം) അപൂര്‍വ്വ മ്യൂറല്‍സ് ഉണ്ടായിരുന്ന പരിയാപുരത്തെ ഗണപതിയങ്കാവ് ക്ഷേത്രവും, ബുദ്ധവിഹാര കേന്ദ്രവും തുടങ്ങിയവ താനൂരിന്‍റെ എടുത്തു പറയാവുന്ന സവിശേഷതകളാണ്.
നിരവധിയനവധി പരദേശികള്‍ താനൂരിന്‍റെ വ്യാപാര വ്യവസായ രംഗത്തും മറ്റു മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയൊക്കെയും ഹാര്‍ദ്ദവമായി സ്വീകരിക്കുകയും വേണ്ട ഒത്താശകള്‍ ചെയ്ത് ഉയര്‍ത്തുകയും ചെയ്യാന്‍ മനസ്സുവെക്കുന്നത് കൊണ്ടാവാം "വന്നോരെ നന്നാക്കണ പൊന്നാര താനൂർ" എന്നൊരു പ്രയോഗം ഉരുത്തിരിഞ്ഞതത്ര.
2015 എപ്രില്‍ 30-ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 152/2015/തസ്വഭവ പ്രകാരം താനൂര്‍ ഗ്രാമപഞ്ചായത്ത് 2015 നവംബര്‍ 1 ന് താനൂര്‍ മുനിസിപ്പാലിറ്റിയായി.